ആഴപ്പുഴ: ജനറല്‍ ആശുപത്രിയിലെ പുതിയ ഏഴുനില ഒ പി ബ്ലോക്കില്‍ ഒരുക്കിയിട്ടുള്ളത് അത്യാധുനിക രോഗനിര്‍ണയ, ചികില്‍സാ സൗകര്യങ്ങള്‍. സ്വകാര്യ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന നൂതന സംവിധാനങ്ങളാണ് ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ സ്ഥാപനവുമായ ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്കില്‍ സജ്ജമായത്. കിഫ്ബി ഫണ്ടായ 117 കോടി രൂപ ചെലവഴിച്ചു നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ ബ്ലോക്കില്‍ അത്യാധുനിക ചികില്‍സാ ഉപകരണങ്ങള്‍ക്ക് മാത്രമായി 16.43 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴി 94 ഉപകരണങ്ങളാണ് ആശുപത്രിയിലേക്ക് ഇതിനായി വാങ്ങിയത്. എം.ആര്‍.ഐ., സിടി സ്‌കാനിംഗ് മെഷീനുകള്‍, റിട്രോഫിറ്റ് ഡിജിറ്റല്‍ എക്‌സ്‌റേ സംവിധാനം, ഒ.പി.ജി. സംവിധാനം, മാമ്മോഗ്രാഫി മെഷീന്‍, ഫൈബ്രോ ഒപ്റ്റിക് ബ്രോങ്കോസ്‌കോപ്പി തുടങ്ങിയവ അടക്കമുള്ള ഉപകരണങ്ങള്‍ ഇതിലുണ്ട്. കൂടാതെ ഫര്‍ണീച്ചറുകള്‍ക്ക് മാത്രം 1.66 കോടി രൂപയും ചെലവഴിച്ചു.
പുതിയ ഒപി ബ്ലോക്കിലെ പ്രധാന സംവിധാനങ്ങള്‍:
ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ '360 ഡിഗ്രി മെറ്റബോളിക് സെന്റര്‍'
പ്രമേഹത്തിന്റെ സങ്കീര്‍ണ്ണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറല്‍ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കുന്നതിന് നോണ്‍ മിഡ്‌റിയാട്രിക് കാമറകള്‍ സെന്ററില്‍ സ്ഥാപിച്ചിട്ടുണ്ട്. രക്താതിമര്‍ദ്ദം, പ്രമേഹം, ബോഡി മാസ് ഇന്‍ഡക്‌സ് തുടങ്ങിയ അടിസ്ഥാന പരിശോധനകള്‍ക്കായി മുറിയെ വിവിധ കാബിനുകളായി തിരിച്ച് ഡയബറ്റിക് പരിശോധന, റെറ്റിനോപ്പതി ക്ലിനിക്ക്, പിഎഫ് ടി ക്ലിനിക്ക്, നെഫ്രോപ്പതി പരിശോധന, കാന്‍സര്‍ ക്ലിനിക്ക്, ഡയറ്റ് കൗണ്‍സിലിംഗ്, സ്‌മോക്കിംഗ് സെഷന്‍ എന്നിവ സംവിധാനിച്ചിട്ടുണ്ട്. കൂടാതെ വ്യക്തിഗത ക്യുബിക്കിളുകളില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും ഇവിടെ നിന്ന് ലഭിക്കും. പ്രമേഹം, രക്താദിമര്‍ദ്ദം എന്നിവയ്ക്ക് പുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളെയും കാലുകളെയും ബാധിക്കുന്ന പ്രമേഹ പരിശോധന, പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റ്, ഡയറ്റ് കൗണ്‍സിലിംഗ് തുടങ്ങിയ എല്ലാസേവനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കും എന്നതാണ് 360 ഡിഗ്രി മെറ്റബോളിക് സെന്ററിന്റെ പ്രത്യേകത.
* എം.ആര്‍.ഐ. സ്‌കാനിംഗ്
സങ്കീര്‍ണ്ണമായ ശരീരഘടനയുടെ ചിത്രങ്ങള്‍ ലഭ്യമാക്കി കൃത്യതയാര്‍ന്ന രോഗനിര്‍ണ്ണയം നടത്തുവാന്‍ സഹായിക്കുന്ന എം.ആര്‍.ഐ. സ്‌കാനിംഗ് മെഷീന്‍. അതിശക്തമായ കാന്തികമണ്ഡലം സൃഷ്ടിച്ചെടുത്താണ് സ്‌കാനിംഗ് നടത്തുന്നത്. പേശികള്‍, സന്ധികള്‍, അസ്ഥികള്‍, ഞരമ്പുകള്‍, സുഷുമ്‌ന കശേരുക്കള്‍, രക്തവാഹിനികള്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളുടെയും എം.ആര്‍.ഐ. പരിശോധന സാധ്യമാവും. തലച്ചോറ്, നട്ടെല്ല്, വയര്‍, കഴുത്ത്, കൈകാല്‍മുട്ട് എന്നിവയുടെ പരിശോധനകള്‍ക്ക് എം.ആര്‍.ഐ കൂടുതല്‍ ഗുണകരമാണ്. റേഡിയേഷന്‍ മൂലമുള്ള ദൂഷ്യഫലങ്ങള്‍ എം.ആര്‍.ഐ സ്‌കാനിംഗിനില്ല. ലോഹ ഇംപ്ലാന്റുകള്‍, സ്റ്റെന്റുകള്‍, പേസ് മേക്കറുകള്‍, അന്യൂറിസം ക്ലിപ്പുകള്‍, ഡെന്റല്‍ ക്ലിപ്പുകള്‍, എന്നിവയുള്ള രോഗികള്‍ എം.ആര്‍.ഐ. സ്‌കാനിംഗിനു വിധേയരാകാന്‍ പാടില്ല.
- സി.റ്റി. സ്‌കാനിംഗ്
പല ആംഗിളുകളില്‍ നിന്നും തുടര്‍ച്ചയായ എക്‌സറേ വികിരണങ്ങള്‍ ഉപയോഗിച്ച് ലഭ്യമാക്കുന്ന ഡാറ്റാ കമ്പ്യൂട്ടറില്‍ സംയോജിപ്പിച്ച് എല്ലുകളുടെയും ആന്തരികാവയവങ്ങളുടെയും ഛേദ ചിത്രങ്ങളായി ലഭ്യമാക്കി രോഗാവസ്ഥ കണ്ടെത്താന്‍ സഹായിക്കുമെന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത. കോണ്‍ട്രാസ്റ്റ് ഡൈ കടത്തിവിട്ടുകൊണ്ടുള്ള സി.ടി. സ്‌കാനിംഗ് കാന്‍സര്‍, മുഴകള്‍, രക്തധമനികളുടെ പ്രശ്‌നങ്ങള്‍ എന്നിവ വ്യക്തതയോടെ കാണിച്ചുതരുന്നു. ജീവിതശൈലി രോഗങ്ങള്‍മൂലവും നാഡീവ്യൂഹ സംബന്ധമായ തകരാറുകള്‍മൂലവും പെട്ടെന്ന് ഉണ്ടാകുന്ന കൈ, കാല്‍ മരവിക്കല്‍, ഒരു വശത്തിനുണ്ടാകുന്ന തളര്‍ച്ച, ചിറി കോടല്‍, നാവ് കുഴയല്‍ തുടങ്ങിയ പക്ഷാഘാത ലക്ഷണങ്ങളുടെ കാരണം, അപകടമോ വീഴ്ചയോമൂലം തലച്ചോറിനും തലയോട്ടിക്കും ഉണ്ടാകുന്ന ക്ഷതങ്ങള്‍ എന്നിവ കണ്ടുപിടുക്കുന്നതിനുള്ള പ്രാഥമിക രോഗനിര്‍ണ്ണയരീതിയാണ് സി.ടി. സ്‌കാന്‍.
- റിട്രോഫിറ്റ് ഡിജിറ്റല്‍ എക്‌സ്‌റേ സംവിധാനം
നിലവിലുള്ള എക്‌സ്‌റേ പരിശോധനാ രീതികളെ അപേക്ഷിച്ച് വേഗതയില്‍ കൂടുതല്‍ വ്യക്തമായതും തെളിച്ചമുള്ളതുമായ എക്‌സ്‌റേ ചിത്രങ്ങള്‍ കുറഞ്ഞ റേഡിയേഷനില്‍ ലഭ്യമാക്കുന്ന നൂതന സംവിധാനമാണ് റിട്രോഫിറ്റ് ഡിജിറ്റല്‍ എക്‌സ്‌റേ സംവിധാനം. ഫിലിമില്‍ എക്‌സ്‌റേ എടുക്കുന്ന പഴയ രീതിയെയും ഫോസ്ഫറസ് ഇമേജിംഗ് പ്ലേറ്റില്‍ എക്‌സ്‌റേ എടുക്കുന്ന രീതിയെയും ഒഴിവാക്കി അമോര്‍ഫസ് സിലിക്കണ്‍ ഡിറ്റക്ടറുകളില്‍ എക്‌സ്‌റേ വികിരണങ്ങള്‍ പതിപ്പിച്ച് കമ്പ്യൂട്ടര്‍ സഹായത്തോടെ ദ്വിമാന ചിത്രങ്ങള്‍ ഉടനടി ലഭ്യമാക്കുന്ന രീതിയാണ് ഈ സംവിധാനം. കുറഞ്ഞ റേഡിയേഷന്‍, പെട്ടെന്നുള്ള ചിത്രലഭ്യത, വ്യക്തതയുള്ളതും കൃത്യമായതുമായ എക്‌സ്‌റേ ഫിലിമുകള്‍, സമയലാഭം എന്നിവയാണ് ഈ പരിശോധനാ രീതി കൊണ്ടുള്ള ഗുണങ്ങള്‍.
- ഒ.പി.ജി. സംവിധാനം
ദന്തക്ഷയം, മോണരോഗം, ആഘാതമേറ്റ പല്ലുകള്‍, വായക്കുള്ളില്‍ ഉണ്ടാകുന്ന കുരുക്കള്‍, സിസ്റ്റുകള്‍, മുഴകള്‍, ഒടിവുകള്‍ എന്നീ വിവിധ ദന്തരോഗാവസ്ഥകള്‍ നിര്‍ണ്ണയിക്കാന്‍ ഒ.പി.ജി. എക്‌സ്‌റേ പരിശോധന സഹായിക്കും. പതിവു ദന്തപരിശോധന മുഖേന ദൃശ്യമാകാത്ത വിവരങ്ങള്‍ ഈ ചിത്രങ്ങളിലൂടെ ലഭിക്കും. പല്ലുകളുടെ സ്ഥാനം, വിന്യാസം, അവസ്ഥ എന്നിവയെക്കുറിച്ചും മുകളിലും താഴെയുമുള്ള താടിയെല്ലുകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ആവശ്യമായ വിവരങ്ങള്‍ ഡോക്ടര്‍ക്ക് നല്‍കി ദന്തചികിത്സാ ആസൂത്രണത്തില്‍ ഒ.പി.ജി. എക്‌സ്‌റേ പ്രത്യേക പങ്കുവഹിക്കുന്നു.
- മാമ്മോഗ്രാഫി
എക്‌സ്‌റേ ഉപയോഗിച്ച് നടത്തുന്ന സ്തനരോഗനിര്‍ണ്ണയം അല്ലെങ്കില്‍ സ്തനരോഗ സാധ്യതാപഠന പരിശോധനയാണ് മാമ്മോഗ്രാഫി. രോഗലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ രോഗസാധ്യത നേരത്തെ കണ്ടുപിടിച്ച് ചികിത്സ ലഭ്യമാക്കുന്നതിന് മാമ്മോഗ്രാഫി പരിശോധന സഹായിക്കും.
- ഫൈബ്രോ ഒപ്റ്റിക്
ബ്രോങ്കോസ്‌കോപ്പി
ശ്വാസകോശരോഗങ്ങളും ശ്വാസകോശ കാന്‍സറും നേരത്തെ കണ്ടുപിടിക്കുന്നതിനുതകുന്ന ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി സംവിധാനമാണിത്.
16.4 crores worth of innovative systems at Alappuzha General Hospital OP.